കോട്ടയം: അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിൽപ്പെട്ട ഒരാളെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് നർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തു. കോട്ടയം മണിമല കോത്തലപ്പടി നേര്യന്തറയിൽ പയസ് ജേക്കബ് (50) ആണ് അറസ്റ്റിലായത്.
ഏഴ് കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഒറീസയിൽ നിന്നും ട്രെയിൻ മാർഗം കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയതിനു പിന്നാലെയാണ് ഇയാളെ പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവു കടത്തിക്കൊണ്ടു വന്ന് മണിമലയിലും സമീപ പ്രദേശങ്ങളിലും ചില്ലറ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
അടിപിടി ഉൾപ്പടെ നിരവധിക്കേസുകളിൽ പ്രതിയായ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.